എല്ലാം കൊള്ളാം, ഡ്രൈവിങ്ങോ?
എല്ലാം കൊള്ളാം, ഡ്രൈവിങ്ങോ?
എല്ലാം കൊള്ളാം, ഡ്രൈവിങ്ങോ?
സന്തോഷ്
ഹ്യുണ്ടേയുടെ ഇന്ത്യാചരിത്രത്തിലെ അവിസ്മരണീയമായ രണ്ടു മുഹൂർത്തങ്ങളാണ് സാൻട്രോയും ക്രേറ്റയും. ആദ്യ കാറെന്ന നിലയിലല്ല, പുതുമുഖമായെത്തിയ കൊറിയൻ കമ്പനിക്ക് അടിസ്ഥാനവും ജനപ്രീതിയുമേറ്റിയ വാഹനമെന്ന സ്ഥാനത്താണ് സാൻട്രോയുടെ നില. ക്രേറ്റയാകട്ടെ ഇന്ത്യയെ സെഡാനുകളിൽ നിന്നു എസ് യു വികളിലേക്ക് പിടിച്ചുയർത്തിയ വാഹനമാണ്. ഇന്നു കാണുന്ന എസ് യു വി ബാഹുല്യത്തിനു ക്രേറ്റയിലാണ് തുടക്കം. ഈ മുഹൂർത്തങ്ങളിലൊന്ന് ഇപ്പോൾ പുനർജനിക്കുന്നു. ഇലക്ട്രിക് കരുത്തില്‍ ക്രേറ്റയുടെ രണ്ടാം വരവ്. വീണ്ടുമൊരു വിപ്ലവത്തിന് തുടക്കമായോ? വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.
ഇലക്ട്രിക് ഞങ്ങൾക്കു പുത്തരിയല്ല
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനങ്ങളിലൊന്നായ കോനയും അത്യാധുനികനായ അയോണിക് ഫൈവുമൊക്കെയായി പണ്ടേ ഹ്യുണ്ടേയ് ഇലക്ട്രിക് സാന്നിധ്യറിയിച്ചിട്ടുണ്ട്. ക്രേറ്റ ഇ വിയിലൂടെ ഈ വിപണിയുടെ ടോപ് ഗിയറിലെത്തുകയാണ് ഉന്നം. സാങ്കേതികതയുടെ പരിപൂർണതയിൽ ബാറ്ററിയും മോട്ടറും സോഫ്റ്റ് വെയറുമൊക്കെയായി ഇന്ത്യയിൽ ഇന്നുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നു വ്യത്യസ്തമാണ് ക്രേറ്റ. ലക്ഷ്യം കോനയുടെ അടിസ്ഥാന മായ വിശ്വാസ്യതയും അയോണിക് ഫൈവിൻറെ ആധുനികതയും കൂടുതൽ ജനകീയമായ ക്രേറ്റയിലെത്തിക്കുക.
ചൈനീസല്ല ആ ഹൃദയം
ഇലക്ട്രിക് വാഹനത്തിൻറെ ഹൃദയം ബാറ്ററിയാണെങ്കിൽ ഇന്ത്യയിലിന്നിറങ്ങുന്ന ഏതാണ്ടെല്ലാ ഇലക്ട്രിക്കുകളുടെയും ഹൃദയത്തുടിപ്പുകൾ ചൈനീസിലാണ്. എന്നാൽ ഹ്യുണ്ടേയ് വിലകുറഞ്ഞ ചൈനീസ് ഇറക്കുമതികളിൽ വിശ്വസിക്കുന്നില്ല. പകരം സ്വന്തം ശാലയിൽ നിർമിച്ചെടുക്കുന്ന ബാറ്ററികൾ. സാങ്കേതികതയിലുമുണ്ട് മാറ്റം. ലിതിയം ഫെറസ് ഫോസ്ഫേറ്റ് (എൽ എഫ് പി) നു പകരം നിക്കൽ മാംഗനീസ് കോബാൾട്ട് (എൻ എം സി) ബാറ്ററികളാണ്. ബാറ്ററി വലുപ്പം കുറവ്. വില തെല്ലു കൂടുമെങ്കിലും പെർഫോമൻസിൽ മികവുണ്ട്. റേഞ്ചും കൂടുതൽ. ഈടു കുറവാണെന്ന ആരോപണത്തെ നിഷ്പ്രഭമാക്കി 8 കൊല്ലം, 160000 കിലോമീറ്റർ എന്ന വാറൻറി. ഇന്ത്യയിലിന്നിറങ്ങുന്ന ചില ഇലക്ടരിക്കുകൾക്ക് ഇത്ര വാറൻറിയില്ല.
ക്രേറ്റയഴക്...
മനോഹരമായ വാഹനമാണ് ക്രേറ്റയെങ്കിൽ ഇലക്ട്രിക് മോഡൽ അഴകിൽ ഒരു പടി മുന്നിൽ നിൽക്കും. ബമ്പറിലും ഗ്രില്ലിലുമുള്ള നേരിയ മാറ്റങ്ങളും 17 ഇഞ്ച് എയ്റോ സ്റ്റൈൽ അലോയ് വീലുകളുമാണ് മനോഹാരിത ഉയര്‍ത്തുന്ന മുഖ്യ ഘടകങ്ങൾ. സാധാരണ ഇലക്ട്രിക് വാഹനങ്ങളെപ്പോലെ അടഞ്ഞ, അയോണിക്കിനു സമാനമായ രൂപകൽപനയുള്ള ഗ്രിൽ. അതിനു മധ്യത്തിൽ ചാർജിങ് പോർട്ട്. ഒരു വ്യത്യാസം ഗ്രില്ലിനടിയിൽ ഫ്രണ്ട് എയർ ഡാമിൽ വാഹനം ഓടുമ്പോൾ മാത്രം തുറക്കുന്ന ഒരു വെൻറുണ്ട്. ഇലക്ട്രിക് മോട്ടർ തണുപ്പിച്ചു നിർത്തി പെർഫോമന്‍സ് മെച്ചപ്പെടുത്തുകയാണ് ഉദ്ദേശം. ഇ വി ബാഡ്ജിങ്ങ് വശങ്ങളിലും പിന്നിലുമുണ്ട്. പെട്രോൾ, ഡീസൽ പ്ലാറ്റ്ഫോമിലാണ് നിർമാണമെങ്കിലും പ്ലാറ്റ് ഫോം തെല്ല് ഉയർത്തി ബാറ്ററി പായ്ക്ക് ഉൾക്കൊള്ളിച്ചിരിക്കയാണ്. വശക്കാഴ്ചകളിൽ സൂക്ഷ്മ പരിശോധനയിൽ ഇതു വ്യക്തമാകും.
ഉൾവശം ‘ഇ വി’ മയം
അടുത്ത കാലത്ത് മോടി കൂട്ടിയെത്തിയ ക്രേറ്റയുടെ ഉൾവശത്ത് ഇനി അധികമൊന്നും കൂട്ടിച്ചേർക്കാനില്ലെന്നു തോന്നിയിരുന്നു. ഇ വി കണ്ടപ്പോഴാണ് പിടി കിട്ടിയത് ഇനിയുമുണ്ട് പുരോഗമനത്തിനു സാധ്യത. ഇ വി ആണെന്നറിയാക്കാനായി വരുത്തിയ മാറ്റങ്ങളിൽ മുഖ്യം ത്രീ സ്പോക്ക് സ്റ്റീയറിങ് വീൽ. ഈ വീലിൽ നിയന്ത്രണങ്ങൾക്ക് സ്ഥാനഭ്രംശമുണ്ടായി. അഡാസ് ഇടതു വശത്തും സ്റ്റീരിയോ, ഫോൺ നിയന്ത്രണങ്ങൾ വലതു വശത്തും. എന്തിന് എന്ന ചോദ്യത്തിന് ഇലക്ട്രിക് വാഹനത്തിൽ അഡാസിൻറെ പ്രസക്തിയേറുന്നു, അതുകൊണ്ടു സ്ഥലം മാറ്റമുണ്ടായി എന്നു മറുപടി. 10.25 ഇഞ്ച് ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ അയോണിക് ഫൈവിനു സമാനമായ മാറ്റങ്ങൾ. എ സി കൺസോൾ അൽകസാറിനു സമം. ഡ്രൈവ് സെലക്ടറും സ്റ്റീയറിങ്ങിലാണ്.
സ്ഥലം ധാരാളം, ചെറിയ ചില മാറ്റങ്ങൾ
സ്ഥലസൗകര്യത്തിൽ കുറവുകളില്ല. ഡിക്കിയും സ്പെയർ ടയറും എല്ലാമുണ്ട്, മറ്റു ചില ഇലക്ട്രിക് കാറുകളെപ്പോലെ ബാറ്ററി പായ്ക്കിനായി ഡിക്കി കടം കൊടുത്തിട്ടില്ല. ബാറ്ററി ഫ്ലോറിലേക്കു മാറിയപ്പോൾ സീറ്റിങ് പൊസിഷന്‍, ശ്രദ്ധിച്ചാൽ മാത്രം അറിയാനാവുന്ന, ചെറിയ മാറ്റങ്ങളുണ്ടായി. മാറ്റം കൂടുതലും അറിയുക ഡ്രൈവിങ് സീറ്റ് താഴ്തി ക്രമീകരിക്കുമ്പോഴാണ്. ബാക്കിയെല്ലാം കൃത്യം. ഉയരം കൂടിയവർക്ക് തെല്ലു ‘തൈ സപ്പോർട്ട്’ കുറഞ്ഞേക്കാം. എങ്കിലും വലിയ പ്രശ്നങ്ങളില്ല, പരാതിയില്ല. 22 ലീറ്റർ ഇന്ധന ടാങ്ക് അധിക സ്റ്റോറേജ് സ്ഥലമായി. പുറമെ പഴയതുപോലെ 433 ലീറ്റർ ഡിക്കി ഇടം. ഇവിടെയാണ് പരമ്പരാഗത പെട്രോൾ, ഡീസൽ വാഹനങ്ങളെ ഇലക്ട്രിക് ആക്കി മാറ്റിയ നിർമാതാക്കളുടെ പിഴവ്. ഡിക്കി സ്ഥലം കുറഞ്ഞു. ഇന്ധനടാങ്ക്, സ്പെയർ വീൽ സ്ഥലം ഇവിടെയൊക്കെ ബാറ്ററി കുത്തി നിറച്ചു. ഇക്കാര്യത്തിൽ ഹ്യുണ്ടേയ് യെ കണ്ടു പഠിക്കാം....
ഞാനാണ് ബോസ്
പുതിയ ബോസ് ഫങ്ഷൻ രസകരമാണ്. പിന്നിലെ യാത്രക്കാരന് സ്വിച്ചിട്ടാൽ മുൻ സീറ്റ് മുന്നോട്ടു നീക്കി സുഖമായി പിന്നിൽ കാലു നീട്ടിയിരിക്കാം. പിൻ ലെഗ് റൂം ഉയർത്താനുള്ള ‘ടെക്നിക്’ പണ്ടൊക്കെ ഡ്രൈവർ ഓടിക്കുന്ന റോൾസ് റോയ്സ് ഗണത്തിലുള്ള കാറുകളിലേ കണ്ടിട്ടുള്ളൂ. പിൻ സീറ്റ് യാത്രക്കാരനോടുള്ള അധിക ശ്രദ്ധയിൽ യൂട്ടിലിറ്റി ട്രേകളും കപ് ഹോൾഡറുകളുമൊക്കെയുണ്ട്. എന്നാൽ ഒരു സംശയം ബാക്കി. സാധാരണ ഈ വിഭാഗത്തിൽ വരുന്ന ഇലക്ട്രിക് വാഹനങ്ങൾ ഡ്രൈവറാണോ ഓടിക്കുക? ഉടമയല്ലേ? ഡ്രൈവർക്കും ആവശ്യത്തിലധികം സൗകര്യങ്ങളുണ്ടല്ലോ എന്നതാണ് മറുപടി.
ഇലക്ട്രിക്കിലല്ലേ ‘ഫീച്ചറുകള്‍’
പെട്രോൾ, ഡീസൽ വാഹനങ്ങളെക്കാൾ ആധുനികമെന്നു വരുത്താൻ ഇലക്ട്രിക് മോഡലിന് സുഖസൗകര്യങ്ങൾ വാരി വിതറുന്നതാണ് ഇപ്പോഴത്തെ രീതി. ക്രേറ്റയും അതു തെറ്റിക്കുന്നില്ല. മഴ വന്നാൽ തിരിയുന്ന വൈപ്പർ, ഇലക്ട്രിക് ക്രമീകരണമുള്ള മുന്‍ സീറ്റുകൾ, ഡ്രൈവറുടെ സീറ്റിന് മെമ്മറി, സെൻട്രൽ കൺസോളിൽ കൂളിങ് ക്യാബിൻ, ഓട്ടണമസ് ഡ്രൈവർ അസിസ്റ്റ് എന്ന അഡാസ് രണ്ടാം തലമുറ, 8 സ്പീക്കർ ബോസ് സ്റ്റീരീയോ സിസ്റ്റം ‘ക്ലാസ്സാ’ണെന്നു പറയേണ്ടല്ലോ.
ആപ്പിലുണ്ടല്ലോ എല്ലാം
ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവരുടെ പ്രശ്നങ്ങളിലൊന്ന് ചാർജിങ്ങാണ്. ഹോം ചാർജിങ് കുഴപ്പമില്ല. രാത്രി വന്നു കുത്തിയിട്ടാൽ രാവിലെ റെഡി. ദീർഘയാത്രയ്ക്ക് വഴിയരികിലെ ചാർജിങ് സ്റ്റേഷൻ തേടിയലയണം. കണ്ടെത്തിയാൽത്തന്നെ ഒരോ സ്റ്റേഷനും ഒരോ രീതി. ഓരോന്നിനും വ്യത്യസ്ത ആപ് ഡൗൺലോഡ് ചെയ്യണം. ഉപയോഗിക്കുന്ന രീതി പലതരം, പോകട്ടേ ഓരോ ആപിനും പണം പ്രത്യേകം ഇ വാലറ്റിൽ അടയ്ക്കണം. സഹിച്ചു. പ്രശ്നം അതല്ല. 500 രൂപ റീ ചാർജ് ചെയ്തിട്ട് 210 രൂപയേ നിറയ്ക്കാൻ വേണ്ടി വന്നുവെങ്കിൽ ബാക്കി പണം ഒരു മാസത്തിനുള്ളിൽ ഉപയോഗിച്ചു കൊള്ളണം. പലപ്പോഴൂം ഇതത്ര പ്രായോഗികമല്ല. റീ ചാർജിങ് ഒരു മാസത്തിനുകം നടന്നില്ലെങ്കിൽ ബാക്കി പണം പോയി, അതിനാണ് ഹ്യുണ്ടേയ് ആപ്.
പണം കാറു കൊടുക്കും
ഇൻ കാർ പേയ്മെന്റ് സംവിധാനമാണ് ഹ്യുണ്ടേയ് വികസിപ്പിക്കുന്നത്. ലളിതം. ഇന്ധനം നിറച്ചാൽ പണം കാറു കൊടുത്തു കൊള്ളും, എന്നു വച്ചാൽ, റീ ചാർജിങ് കാറിലെ ഇ വാലറ്റ് സംവിധാനത്തിൽ മതി. അനേകം ആപ്പുകളും പല പേയ്മെൻറ് സംവിധാനങ്ങളും വേണ്ട. പണം വാലിഡിറ്റി കഴിഞ്ഞ വകയിൽ നഷ്ടപ്പെടുകയും ഇല്ല. രാജ്യത്ത് ഉടനീളമുള്ള 10000 ൽ അധികം ഇ വി ചാർജിങ് സ്റ്റേഷനുകളുമായി ഈ ആപ് ബന്ധപ്പെട്ട് തലവേദനയില്ലാതെ കാര്യങ്ങൾ നടത്തും. മൊബൈൽ ഫോൺ വഴിയോ കാറിലെ നിയന്ത്രണങ്ങൾ മുഖേനയോ ചാർജ് ചെയ്ത് പണം കൊടുക്കാം. ചുരുക്കി പറഞ്ഞാൽ ചാർജിങ് സ്റ്റേഷനിൽ കുത്തിയിട്ടിട്ട് ഒരു ചായ കുടിച്ചു വരുമ്പോൾ ചാർജ് ചെയ്ത് പണവും കൊടുത്ത് കാർ റെഡി...